വയനാട്: പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പനമരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിനെതിരെ യുവാവ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് പനമരം സ്വദേശിയായി രതിൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. മരിക്കാൻ പോകുന്നുവെന്നും പൊലീസ് കേസിൽ പെടുത്തിയെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
പോക്സോ കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി രതിന്റെ കുടുംബവും ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്. കേസിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും നടന്നിരുന്നു. രണ്ട് അന്വേഷണത്തിനും എസ്പിയാണ് ഉത്തരവിട്ടത്. കുടുംബത്തിന്റെ ആരോപണത്തിൽ എസ്പി സ്വമേധയ ആണ് കേസെടുക്കുകയായിരുന്നു.
അതേസമയം, പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിൽ മാത്രമാണ് രതിനെതിരെ കേസെടുത്തതെന്നും അത് പോക്സോ കേസായി യുവാവ് തെറ്റിദ്ധരിച്ചതാണെന്നുമാണ് പൊലീസിന്റെ വാദം. എന്നാൽ രതിന് പിന്നാലെ കുടുംബവും സമാന ആരോപണം ഉന്നയിച്ചതോടെ വെട്ടിലായിരിക്കുകയാണ്
കമ്പളക്കാട് പൊലീസ്.