മുംബൈ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്ണോയി സമുദായത്തിന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോൾ യൂണിറ്റിലേക്കാണ് സന്ദേശമെത്തിയത്.
സന്ദേശത്തിൽ പറയുന്നത് പോലെ അനുസരിച്ചില്ലെങ്കിൽ മരണം വരിക്കാൻ തയ്യാറായിക്കോളൂവെന്നും സന്ദേശത്തിലുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ എന്ന അവകാശപ്പെട്ടാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ ആഴ്ചയിൽ തന്നെ രണ്ടാം തവണയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശമെത്തുന്നത്.
ഭീഷണി സന്ദേശത്തിന്റെ ഉറവിടെ അന്വേഷിച്ച് വരികയാണ് മുംബൈ പൊലീസ് അറിയിച്ചു. വിവിധ കേസുകളിലായി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുമായി സന്ദേശത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു.















