അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോൽപ്പിച്ച് തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മൾ ഒരുപാട് കേൾക്കാറുണ്ട്. എന്നാൽ മറ്റേതെങ്കിലും ജീവജാലങ്ങൾ രോഗത്തോട് പൊരു തുന്നത് സാധാരണയായി അധികം കേൾക്കാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഇരുതലമൂരി വിഭാഗത്തിൽ പെടുന്ന പാമ്പിന്റെ അതിജീവനമാണ് ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തിൽ പെടുന്ന ഇരുതലമൂരിക്ക് അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വിദഗ്ധ ചികിത്സ നൽകുന്നത്. പാമ്പിന്റെ വായിലാണ് മാസ്റ്റ് സെൽ ട്യൂമർ . കഴിഞ്ഞ മാസം 10 ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയിൽ കണ്ടെത്തിയ പാമ്പിനെ മൃഗശാലയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ബയോപ്സി അടക്കമുള്ള പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സ് പ്രായമുള്ള ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്.
സൈക്ലോഫോസ്ഫസൈഡ് എന്ന കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ രൂപത്തിലാണ് നൽകുന്നത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നൽകുന്നത്. സിടി സ്കാൻ പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് പ്രതിക്ഷ നൽകുന്നതായി മൃഗശാലയിലെ വെറ്റിനറി സർജൻ പറഞ്ഞു. രോഗം പൂർണ്ണമായും ഭേദമാക്കാനായാൽ മൃഗങ്ങളിലെ മാസ്റ്റ് സെൽ ക്യാൻസർ ചികിത്സയിൽ നിർണ്ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















