കൊച്ചി: മുനമ്പം വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്. മുനമ്പത്തിൽ നിന്നും ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിന് മുന്നോടിയായാണ് പ്രതികരണം.
മുനമ്പത്ത് നടക്കുന്ന സമരം വഖ്ഫ് ബോർഡിന് മുന്നിൽ വരുന്ന കാര്യമല്ല. മുനമ്പത്തെ ആധാരം പരിശോധിക്കുമ്പോൾ അതിൽ വഖ്ഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ബോധ്യപ്പെട്ട കാര്യമാണിത്. ബോർഡ് നിയമപരമായി കാര്യങ്ങൾ നേരിടും. വഖ്ഫ് ബോർഡിനും നിയമപരമായി അവകാശങ്ങളുണ്ട്, സക്കീർ പറഞ്ഞു.
മൂസാ സേഠ് ഭൂമിയുടെ ആധാരം വഖ്ഫ് ചെയ്ത് നൽകിയപ്പോൾ ആദ്യം വഖഫിന്റെ കാര്യം പറയുകയും പിന്നീട് അതിന് വിരുദ്ധമായുമാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ ആദ്യത്തെ നിബന്ധന മാത്രമേ നിയമപരമായി നിലനിൽക്കുവെന്നും എം. കെ സക്കീർ വ്യക്തമാക്കി.















