എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. രണ്ട് തവണ വിശദീകരണം നൽകിയിട്ടും സംഘടന തന്നെ പുറത്താക്കിയെന്നും ഇതൊരു പ്രതികാര നടപടിയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിയ്‌ക്ക് പിന്നാലെ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സാന്ദ്ര.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ പൊലീസിൽ പരാതി കൊടുക്കുന്നതിന് മുമ്പ് സംഘടനയ്‌ക്ക് പരാതി നൽകിയിരുന്നു. എന്നോട് ഇങ്ങനെ കാണിച്ചത് മോശമായി പോയി എന്ന് ഞാൻ അവരോട് പറഞ്ഞു. അതിന് ഒരു ക്ഷമ പോലും പറയാതെ എന്നോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്. അതിന് ഞാൻ കൃത്യമായ മറുപടി നൽകിയിരുന്നു. എന്നാൽ അത് തൃപ്തികരമല്ലെന്ന് പറഞ്ഞ് അവർ വീണ്ടും എന്നോട് വിശദീകരണം ചോദിച്ചു. രണ്ടാമതും വളരെ വിശദീകരിച്ച് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി അവരെ അറിയിച്ചിരുന്നു. എന്നിട്ടും അവർ എന്നെ പുറത്താക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പല സ്ത്രീകളും പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. അങ്ങനെയുള്ള സ്ത്രീകളെ നിശബ്ദരാക്കാൻ വേണ്ടിയാണ് സംഘടനയിൽ നിന്ന് എന്നെ പുറത്താക്കിയിരിക്കുന്നത്. വളരെ മോശമായ അനുഭവമാണ് എനിക്ക് സംഘടനയ്‌ക്കുള്ളിൽ നിന്നുമുണ്ടായത്. ഒരു പവർ പൊസിഷനിലുള്ള തനിക്ക് ഈ അനുഭവമാണെങ്കിൽ സിനിമാ മേഖലയിലുള്ള മറ്റ് ജൂനിയർ ആർട്ടിസ്റ്റുകളുടെ അവസ്ഥ എന്തായിരിക്കുമെന്നും സാന്ദ്ര തോമസ് ചോദിച്ചു.















