ന്യൂഡൽഹി: പ്ലാറ്റ്‌ഫോമിലെ പക്ഷപാതപരവും കൃത്യതയില്ലാത്തതുമായ വിവരങ്ങളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിക്കിപീഡിയയ്‌ക്ക് നോട്ടീസ് അയച്ച് കേന്ദ്രം. ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി എന്തുകൊണ്ട് വിക്കി പീഡിയയെ പരിഗണിക്കുന്നില്ലെന് കേന്ദ്രം ചോദിച്ചു. സൈറ്റിലെ എഡിറ്റോറിയൽ നിയന്ത്രണം ഒരു ചെറിയ ഗ്രൂപ്പിന്റെ കൈവശമാണെന്ന ആരോപണവും കേന്ദ്രം നോട്ടീസിൽ ചൂണ്ടിക്കാട്ടി.
വിക്കിപീഡിയയുടെ ഓപ്പൺ എഡിറ്റിംഗ് ഫീച്ചറിനെ “അപകടകരം” എന്ന് വിശേഷിപ്പിച്ച ഡൽഹി ഹൈക്കോടതിയുടെ സെപ്റ്റംബറിലെ വിധിയെ തുടർന്നാണ് ഈ നോട്ടീസ്. പ്ലാറ്റ്‌ഫോമിനെതിരെ ഒരു വാർത്താ ഏജൻസി നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആർക്കും വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യാൻ കഴിയുമെന്ന് ജഡ്ജിമാർ ആശങ്ക പ്രകടിപ്പിച്ചു. അനിയന്ത്രിതമായ എഡിറ്റിംഗിന്റെ അപകടസാധ്യതകളെക്കുറിച്ച് കോടതി ചൂണ്ടിക്കാട്ടി. വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഇത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടേക്കാമെന്ന് കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയിലെ വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്ന് ജസ്റ്റിസ് നവിൻ ചൗള മുന്നറിയിപ്പ് നൽകിയിരുന്നു. വിക്കിപീഡിയ സ്വയം ഒരു സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായാണ് പരിചയപ്പെടുത്തുന്നത്. പേജിൽ കണക്കുകളും സമകാലിക പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിവരങ്ങൾ സൃഷ്ടിക്കാനും എഡിറ്റുചെയ്യാനും കഴിയും. കൃത്യമല്ലാത്തതും അപകീർത്തികരവുമായ ഉള്ളടക്കത്തിന്റെ പേരിൽ വിക്കിപീഡിയക്കെതിരെ ഇന്ത്യയിൽ കേസുകളുണ്ട്.