ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും മൗനം പാലിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. ദേശീയ താല്പര്യത്തിനുവേണ്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് പ്രതിപക്ഷം തുടരുന്ന മൗനം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
“ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പത്ത് പോസ്റ്റുകൾ പങ്കുവയ്‌ക്കാൻ തയാറാകുന്ന പ്രിയങ്കാ വദ്രയും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്ന രാഹുലും ഹിന്ദുക്കളുടെ പ്രശ്നത്തിൽ മിണ്ടാതിരിക്കുന്നത് വേദനാജനകമാണ്. ബംഗ്ലാദേശിലും കാനഡയിലും ഹിന്ദുക്കൾ അക്രമത്തിനിരയാകുമ്പോൾ അവർ മൗനം പാലിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് ഹിന്ദുക്കളുടെ ജീവൻ പ്രശ്നമല്ല,” പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ആക്രമണങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിയന്തര പ്രതികരണത്തെയും അദ്ദേഹം പ്രശംസിച്ചു. ബംഗ്ലാദേശിലായാലും കാനഡയിലായാലും പ്രതിസന്ധി നേരിടുന്ന ഇന്ത്യക്കാർക്കൊപ്പം മോദിയുണ്ടാകും. പ്രധാനമന്ത്രി അവർക്ക് വേണ്ടി സംസാരിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തുവെന്നും ബിജെപി വക്താവ് പറഞ്ഞു. കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തുനേരെയുണ്ടായ ഖാലിസ്ഥാനികളുടെ ആക്രമണത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രാലയവും ശക്തമായി അപലപിച്ചു. എന്നാൽ പ്രതിപക്ഷം വിഷയത്തിൽ പ്രതികരിക്കാൻ തയാറായിരുന്നില്ല.