മേജൻ മുകുന്ദ് വരദരാജന്റെ പോരാട്ട കഥയെ ഏറ്റെടുത്ത് പ്രേക്ഷകഹൃദയങ്ങൾ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം അമരന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്‌ത ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടാനായ അമരൻ നിരവധി ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോള ബോക്സോഫീസ് കണക്കുകളനുസരിച്ച് 150 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
തിയേറ്ററിലെത്തി, അഞ്ച് ദിവസങ്ങൾ കൊണ്ട് 94 കോടിയാണ് ഇന്ത്യയിൽ മാത്രമായി അമരൻ നേടിയത്. തമിഴിൽ 68.65 കോടിയും തെലുങ്കിൽ 14 കോടിയും ചിത്രം സ്വന്തമാക്കി. ആറ് കോടി നേടിയാൽ 100 കോടി എന്ന നിർണായക നേട്ടത്തിലേക്ക് അമരൻ എത്തും.
അതേസമയം, ടെലിഗ്രാമിലൂടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതായും റിപ്പോർട്ടുണ്ട്. ശിവകാർത്തികേയൻ- സായ്പല്ലവി ജോഡിയെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയന്റെയും ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും പ്രകടനം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി.
രാജ്യത്തിന് വേണ്ടി ജീവിച്ച് വീരമൃത്യു വരിച്ച ധീര സൈനികന്റെ പോരാട്ടവും പ്രാണനെ നഷ്ടപ്പെട്ട് ജീവിക്കുന്ന ഇന്ദു റബേക്കയുടെ നൊമ്പരവും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇരുവരുടെയും അഭിനയത്തെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ.