തിരുവനന്തപുരം: അപകടത്തിൽപെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. മാറനല്ലൂർ മലവിള പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 12.40-നായിരുന്നു സംഭവം.
ബൈക്ക് പോസ്റ്റിലിടിച്ച് റോഡിൽ വീണ യുവാവ് അര മണിക്കൂറോളമാണ് റോഡിൽ കിടന്നത്. പ്രദേശവാസികൾ കണ്ടിരുന്നെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും കൂട്ടാക്കിയിരുന്നില്ല. പൊലീസ് എത്തിയതിന് ശേഷമാണ് ആംബുലൻസിനെ വിളിച്ചത്. പൊലീസും നോക്കി നിന്നതല്ലാതെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. ഇതുവഴി പോയ വാഹനങ്ങളും സഹായിക്കാൻ തയാറാകാതിരുന്നതോടെ അര മണിക്കൂറോളമാണ് യുവാവ് റോഡിൽ കിടന്നത്.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരമായതിനാൽ സ്വകാര്യ ആംബുലൻസിനെയാണ് വിളിച്ചതെന്നും അതാണ് സമയമെടുത്തതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.