മുംബൈ: 36-ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ഹനുമാന്റെ ഛായാചിത്രം സമ്മാനിച്ച് ആരാധകൻ. കലാകാരനായ യാഷ് പ്രജാപതിയാണ് കൈകൊണ്ടുവരച്ച് പെയിന്റ് ചെയ്ത ചിത്രം കോലിക്ക് കൈമാറിയത്. കോലി താമസിക്കുന്ന മുംബൈയിലെ ഹോട്ടൽ മുറിയിലേക്ക് നേരിട്ടെത്തിയാണ് യാഷ് പിറന്നാൾ സമ്മാനം നൽകിയത്. താരത്തെ നേരിട്ട് കാണാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് യാഷ്.
ആരാധകനെ പുഞ്ചിരിയോടെ സ്വീകരിച്ച താരം യാഷിന്റെ കലാസൃഷ്ടിയെ അഭിനന്ദിക്കുകയും ചെയ്തു. യാഷിനൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യാനും കോലി മടി കാണിച്ചില്ല. കുറച്ചു സമയം താരത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് യാഷ് മടങ്ങിയത്. കോലിയുമൊത്തുളള ചിത്രങ്ങൾ യാഷ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്‌ക്കുകയും ചെയ്തു. “ഇതിഹാസത്തിനൊപ്പമുള്ള മറ്റൊരു മികച്ച കൂടിക്കാഴ്ച! അദ്ദേഹത്തിന് ഹനുമാൻ ഛായാചിത്രം സമ്മാനിക്കാൻ കഴിഞ്ഞത് അവിസ്മരണീയ നിമിഷമായിരുന്നു” യാഷ് പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
View this post on Instagram
കോലിയും ആരാധകരും തമ്മിലുള്ള നിമിഷങ്ങൾ ഇതിന് മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഉടനീളം ആരാധകർ നൽകുന്ന പിന്തുണയ്‌ക്ക് താരം പല അവസരങ്ങളിലും നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം സമീപ മാസങ്ങളിൽ കോലി തുടരുന്ന ഫോമില്ലായ്‌മ താരത്തിന് വെല്ലുവിളി ഉയർത്തുകയാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ ഹോം ടെസ്റ്റ് സീസണിൽ, 10 ഇന്നിംഗ്‌സുകളിൽ നിന്ന് 192 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. ഓസ്‌ട്രേലിയയുമായുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ താരത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.