ആലുവ: ആലുവ നഗരസഭയിൽ ഫൗണ്ടൻ പുനരുദ്ധാരണത്തിന്റെ പേരിൽ വൻ അഴിമതി. സിഎസ്ആർ ഫണ്ട് തിരിമറി നടത്തിയാണ് ലക്ഷങ്ങളുടെ അഴിമതി. സംഭവത്തിൽ ആലുവ മുനിസിപ്പൽ ചെയർമാൻ എംഒ ജോണും ഭരണകക്ഷികളും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.
ആലുവ നഗരസഭാ സമുച്ചയത്തിൽ 2021 ആഗസ്റ്റിൽ പുനരുദ്ധാരണം നടത്തി ഉദ്ഘാടനം ചെയ്ത ഫൗണ്ടന്റെ പേരിൽ സിഎംആർഎൽ കമ്പനിയിൽ നിന്നും 7.5 ലക്ഷം രൂപ നഗരസഭയുടെ പേരിൽ വാങ്ങിയാണ് അഴിമതി നടത്തിയത്. ഫൗണ്ടന്റെ മൊത്തം ചിലവ് 7 ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഗ്രാന്റ് മുഖേനയാണ്. ഈ പദ്ധതിക്കായി നഗരസഭാ കൗൺസിലോ എഞ്ചിനീയറിംഗ് വിഭാഗമോ അറിയാതെ 7.5 ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്നും സിഎസ്ആർഫണ്ട് എന്ന പേരിൽ കൈപ്പറ്റുകയായിരുന്നു. ഇതിന്റെ രേഖകൾ സഹിതം ബിജെപി പുറത്തുവിട്ടു.
കരാറുകാരനുമായി ചേർന്ന് വൻ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെയർമാൻ എം ഓ ജോൺ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ പത്മകുമാർ നയിച്ച മാർച്ച് നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ സമരം ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ എം എം ഉല്ലാസ് കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ സെന്തിൽകുമാർ, സംസ്ഥാനകമ്മിറ്റി അംഗം ലത ഗംഗാധരൻ, സംസ്ഥാന കൗൺസിൽ അംഗം എം എൻ ഗോപി, ജനറൽ സെക്രട്ടറി കെ ആർ രജി, കൗൺസിലർമാരായ എൻ ശ്രീകാന്ത്, ഇന്ദിര ദേവി നേതാക്കളായ എ സി സന്തോഷ് കുമാർ, രമണൻ ചേലക്കുന്ന്, ഇല്ലിയാസ് അലി, എൻ അനിൽകുമാർ, എൻ വി രത്‌നകുമാർ, ശ്രീവിദ്യ ബൈജു തുടങ്ങിയവർ സംസാരിച്ചു.















