തെന്നിന്ത്യൻ സൂപ്പർ ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും വിശേഷങ്ങൾ ആരാധകർ ആകാംക്ഷയോടെ ഏറ്റെടുക്കാറുണ്ട്. വൈകാതെ റിലീസാവുന്ന കങ്കുവയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് സൂര്യ. ഇതിനിടെ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ എന്ന പരിപാടിയിൽ ജ്യോതികയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
പരിപാടിയിലുടനീളം സൂര്യയുടെ കരിയറും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നിരുന്നു. സഹോദരൻ കാർത്തിയുമായുള്ള സൗഹൃദവും പരിപാടിയിൽ ചർച്ചയായി. ഇതിനിടെയാണ് ഷോയുടെ അവതാരകനായ ബാലകൃഷ്ണ, ജ്യോതികയുമായുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുന്നത്.
‘ ജ്യോതിക ഇല്ലാത്ത ജീവിതം തനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നായിരുന്നു സൂര്യയുടെ മറുപടി. തനിക്കൊപ്പം എപ്പോഴും ജ്യോതിക വേണമെന്നും സൂര്യ പറഞ്ഞു. താരദമ്പതികളുടെ കറ പുരളാത്ത സ്‌നേഹത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
ബോബി ഡിയോളായിരുന്നു സൂര്യക്കൊപ്പം പരിപാടിയിലെത്തിയ മറ്റൊരു അതിഥി. അനിമലിലെ വൈറൽ ഗാനം ചിത്രീകരിക്കുന്നതിനിടെ എത്ര ഗ്ലാസുകൾ താഴെയിട്ട് പൊട്ടിച്ചുവെന്ന ബാലകൃഷ്ണയുടെ ചോദ്യം സദസിൽ ചിരി പടർത്തിയിരുന്നു.