ന്യൂഡൽഹി: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യൂറോപ്യൻ യൂണിയന്റെ പ്രോബ 3 സൺ ഒബ്സർവേഷൻ മിഷൻ ഡിസംബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ.ജിതേന്ദ്ര സിംഗ്. ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞർ യൂറോപ്പിലുള്ളവരുമായി ചേർന്ന് സൂര്യന്റെ നിഗൂഢതകൾ അനാവരണം ചെയ്യുമെന്ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ ബഹിരാകാശ കോൺക്ലേവ് 3.0 ൽ അദ്ദേഹം പറഞ്ഞു.
സോളാർ റിമ്മിനോട് ചേർന്ന് സൂര്യന്റെ കൊറോണയെ പഠിക്കാൻ ലക്ഷ്യമിടുന്ന പ്രോബ-3, ഐഎസ്ആർഒയുടെ പിഎസ്എൽവി-എക്സ്എൽ റോക്കറ്റിൽ വിക്ഷേപിക്കും. സോളാർ കൊറോണഗ്രാഫ് എന്നറിയപ്പെടുന്ന 144 മീറ്റർ നീളമുള്ള ഉപകരണം നിർമ്മിക്കാൻ സഹായിക്കുന്ന രണ്ട് ഉപഗ്രഹങ്ങളും ദൗത്യത്തിലുണ്ട്. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് മിഷനാണ് പ്രോബ-3. ഇത് നിഗൂഢമായി തുടരുന്ന സൂര്യന്റെ കൊറോണയെ കുറിച്ച് വിശദമായി പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) സ്ഥാപിക്കുമെന്നും 2040-ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുകയെന്ന വലിയ ദൗത്യത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. വരും വർഷങ്ങളിൽ ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ സംഭാവന 2 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.