ബൾബുകൾ, ടോർച്ചുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ വെളിച്ചത്തിനായി നാം ഉപയോഗിക്കാറുണ്ട്. ഇതൊന്നുമില്ലെങ്കിലും മൊഴുകുതിരിയോ, എണ്ണ വിളക്കോ വെളിച്ചം ലഭിക്കുന്നതിനായി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ആധുനിക ഉപകരണങ്ങൾ ഒന്നും ഇല്ലാതിരുന്ന പുരാതനകാലത്ത് ഒരു കുറ്റിച്ചെടിയുടെ ചില്ലകളെയാണ് മെഴുകുതിരി പോലെ കത്തിക്കാനായി ആളുകൾ തെരഞ്ഞെടുത്തിരുന്നത്.
പ്രണതി പത്ര! പശ്ചിമഘട്ട വനങ്ങളിൽ കാണപ്പെടുന്ന അപൂർവ ഇനം കുറ്റിച്ചെടിയാണിത്. ഈ ചെടിയുടെ ചില്ലകളെയാണ് പഴമക്കാർ മെഴുകുതിരിക്ക് പകരം കത്തിക്കാനായി ഉപയോഗിച്ചിരുന്നത്. വിളക്കിൽ എണ്ണ ഒഴിച്ച് ചില്ലയുടെ ഭാഗങ്ങൾ തിരിപോലെ വച്ച് കത്തിച്ചാൽ തുണി തിരിയെക്കാൾ വേഗത്തിൽ കത്തുന്നതായും ദീർഘനേരം കത്തുന്നതായും കണ്ടെത്തിയിരുന്നു.
വിളക്കിലെ എണ്ണ തീരുന്നത് വരെ ഈ കുറ്റിച്ചെടിയുടെ തണ്ട് കത്തിക്കൊണ്ടിരിക്കും. ഈ ചെടിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഇതിന്റെ ഇലകൾ ചന്ദ്രന്റെ പ്രകാശമേൽക്കുമ്പോൾ തിളങ്ങുന്നതാണ്. ദക്ഷിണ കന്നഡയിലെ സുള്ള്യ മേഖലയുടെ ചില ഭാഗങ്ങളിൽ ഈ ചെടി കാണപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ദീപാവലി ഉൾപ്പെടെയുള്ള വിശേഷ ദിനങ്ങളിൽ ദീപങ്ങൾ കൊളുത്താൻ പ്രദേശവാസികൾ സാധാരണയായി ചെടിയുടെ ചില്ലകൾ ഉപയോഗിക്കുന്നു.