റാഞ്ചി: വരുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും ഝാർഖണ്ഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഝാർഖണ്ഡിലെ ജനങ്ങൾ ബിജെപിക്കും എൻഡിഎ സർക്കാരിനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് തെളിയിക്കും. ഝാർഖണ്ഡിലെ ഈ പുണ്യഭൂമിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. അദ്ദേഹത്തെ കാണാനായി നിരവധി പേരാണ് തടിച്ചുകൂടിയത്. ഝാർഖണ്ഡിലെ പുണ്യ ഭൂമി സംരക്ഷിക്കുന്നതിനും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായും ജനങ്ങൾ എൻഡിഎ സർക്കാരിനെ വിജയിപ്പിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ ജനങ്ങൾ വികസനത്തിന്റെ പാത തെരഞ്ഞെടുക്കും.”- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടഞ്ഞ് പാവപ്പെട്ടവരുടെ ഭൂമി തിരികെ നൽകും. ബിജെപി എന്നും വനവാസി വിഭാഗങ്ങൾക്കൊപ്പമാണ്. അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഝാർഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. നവംബർ 13, നവംബർ 20 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കും.















