ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് അലിഗഡിൽ പുത്തൻ ലക്ഷ്വറി വീട് സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടിക്ക് നിലനിർത്തിയതിന് പിന്നാലെയാണ് താരം വീട് സ്വന്തമാക്കിയത്. ഓസോൺ സിറ്റിയിലെ ഗോൾഡൻ എസ്റ്റേറ്റിലാണ് താരത്തിന്റെ സ്വപ്ന ഭവനം. കോതി നമ്പർ 38 ആണ് താരത്തിന്റെ വീട്.
500 സ്ക്വയർ യാർഡിലാണ് വീട് പണിപൂർത്തിയാക്കിയിരിക്കുന്നത്. പാല് കാച്ചലിനും പൂജകൾക്കും ശേഷം പുത്തൻ വീട്ടിൽ റിങ്കുവും കുടുംബവും താമസം ആരംഭിച്ചു. ഇവിടെ തന്നെയാണ് താരം ഇത്തവണത്തെ ദീപാവലിയും ആഘോഷിച്ചത്. ഓസോൺ സിറ്റി ചെയർമാൻ പ്രവീൺ മങ്കാളയാണ് താക്കോൽ കൈമാറിയത്.
200 ഏക്കറിലധികം വിസ്തൃതിയിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന അലിഗഡിലെ ആദ്യ സംയോജിത ടൗൺഷിപ്പാണ് ഓസോൺ സിറ്റി. ടൗൺഷിപ്പിൽ പൂർണ്ണമായി വികസിപ്പിച്ച പ്ലോട്ടുകൾ, ആഡംബര വീടുകൾ, അപ്പാർട്ടുമെൻ്റുകൾ, ഒരു പെൻ്റ്ഹൗസ്, ഒരു ഡ്യൂപ്ലക്സ്, വില്ലകൾ, ഒരു ക്ലബ്ബ്, വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ, സ്കൂൾ, ഒരു ഡിസ്പെൻസറി, ഒരു ആശുപത്രി, പാർക്കുകൾ, റസ്റ്റോറൻ്റ്, ക്ഷേത്രം, ഹോട്ടൽ , കളിസ്ഥലം എന്നിവ ഉൾപ്പെടുന്നു. ഇവിടുത്തെ ഒരു വില്ലയാണ് റിങ്കു സ്വന്തമാക്കിയത്. വില ഏകദേശം ഏഴ് കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ.















