ബെംഗളൂരു: ഭാര്യ അക്ഷതാ മൂർത്തിക്കും കുടുംബത്തിനുമൊപ്പം ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ പ്രാർത്ഥന നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ഭാര്യാപിതാവും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തി, രാജ്യസഭാ എംപി സുധാമൂർത്തി എന്നിവർക്കൊപ്പമാണ് ഇരുവരും ദർശനം നടത്താനെത്തിയത്. കാർത്തിക മാസത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനകളിൽ പങ്കെടുക്കാനാണ് കുടുംബം നഞ്ചൻകോടുള്ള രാഘവേന്ദ്ര സ്വാമി മഠത്തിലെത്തിയത്.
മഠത്തിലെ പുരോഹിതർ ഇവരെ സ്വീകരിച്ചു. തുടർന്ന് നടന്ന ആരതിയിലും കുടുംബം പങ്കെടുത്തു. ഈ വർഷം ആദ്യം അക്ഷത മൂർത്തിയും മക്കളായ അനൗഷ്കയും കൃഷ്ണയും മാതാപിതാക്കളോടൊപ്പം മഠം സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് ഋഷി സുനക്ക് ഭാര്യയ്‌ക്കൊപ്പം ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു.
ഹിന്ദു വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്കിന് ഇന്ത്യയിൽ പൂർവ്വിക വേരുകളുണ്ട്. തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചും മതവിശ്വാസങ്ങളെക്കുറിച്ചും പല അവസരങ്ങളിലും സുനക്ക് വാചാലനായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്ന രാംകഥയിൽ പങ്കെടുത്ത സുനക്, താൻ അവിടെ ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, ഹിന്ദുവായിട്ടാണ് വന്നിരിക്കുന്നതെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.















