ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗൻയാൻ ദൗത്യം ഒരു വർഷം കൂടി വൈകുമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ്. നേരത്തെ 2015-ൽ ദൗത്യമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് 2026-ലേക്ക് നീട്ടിയതായി ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.
മനുഷ്യരുമായി പോകുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാകും ഗഗൻയാൻ ദൗത്യം. ഇതിന് മുന്നോടിയായി ഒന്നിലേറെ ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ ഉണ്ടാകും. ഇവ വിജയകരമായാൽ ദൗത്യം യാഥാർത്ഥ്യമാക്കും. അടുത്തിടെ ബഹിരാകാശ യാത്രികരുമായി യാത്ര പുറപ്പെട്ട ബോയിംഗ് സ്റ്റാർലൈനറിൽ സാങ്കേതിക തകരാറുകൾ സംഭവിച്ചിരുന്നു. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘം മാസങ്ങളോളമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ഇത്തരത്തിൽ ഏറെ വെല്ലുവിളികൾ സംഭവിക്കാൻ സാധ്യതയുള്ള മേഖലയാണിത്. അതിനാൽ തന്നെ മുൻകരുതലുകൾ അനിവാര്യമാണെന്നും എസ്. സോമനാഥ് വിശദീകരിച്ചു.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന ദൗത്യമാണ് ഗഗൻയാൻ ദൗത്യം. സ്റ്റാർലൈനറിന് സംഭവിച്ചത് പോലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇസ്രോ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനുള്ള സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൗത്യസംഘം ഇന്ത്യയിലും വിദേശത്തുമായി പരീശീലനത്തിലാണ്. ഇന്ത്യൻ വ്യോമസേനയിലെ ഫൈറ്റർ പൈലറ്റും ദൗത്യസംഘത്തിലെ അംഗവുമായ ശുഭാൻഷു ശുക്ല അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്സിയം സ്പേസുമായി ചേർന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്കായി പുറപ്പെടാനൊരുങ്ങുകയാണ്. സ്ഥിതിഗതികൾ പഠിക്കുകയാണ് ലക്ഷ്യം.