ജയ്‌പൂർ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായ സംഭവത്തിൽ നടപടിയുമായി രാജസ്ഥാനിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ആകെ 75 കടുവകളിൽ 25 എണ്ണത്തിനേയും കാണാനില്ലെന്ന ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യജീവി വകുപ്പ് തിരോധാനം അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകി
ഒരു വർഷത്തിനിടെ ഇത്രയധികം കടുവകളെ കാണാതായതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മുമ്പ്, 2019 ജനുവരി മുതൽ 2022 ജനുവരി വരെ രന്തംബോറിൽ നിന്ന് 13 കടുവകളെ കാണാതായിരുന്നു.
മൂന്നംഗ അന്വേഷണ സംഘം നിരീക്ഷണ രേഖകൾ അവലോകനം ചെയ്യുകയും പാർക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കണ്ടെത്തിയാൽ നടപടി ശുപാർശ ചെയ്യുകയും ചെയ്യും. ഈ വർഷം മെയ് 17 നും സെപ്റ്റംബർ 30 നും ഇടയിൽ കാണാതായ14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മൂന്നംഗ സമിതിയിൽ APCCF (വന്യജീവി) രാജേഷ് കുമാർ ഗുപ്ത, വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡോ ടി മോഹൻ രാജ്, മനസ് സിങ് എന്നിവരും ഉൾപ്പെടുന്നു. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പറഞ്ഞു.















