ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ ബസാണ് പൂർണമായും കത്തിനശിച്ചത്.
ഹെവി വാഹനങ്ങളുടെ ടി ടെസ്റ്റാണ് മൈതാനത്ത് നടന്നത്. ഇതിനിടെ ബസിന്റെ മുൻവശത്ത് നിന്നും പൊട്ടിത്തെറി ഉണ്ടായി. തുടർന്ന് എഞ്ചിന്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടു. തീ അണയ്‌ക്കാൻ വാഹന ഉടമ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയും നിമിഷങ്ങൾക്കകം ബസ് പൂർണമായി കത്തി നശിക്കുകയും ചെയ്തു.
ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ബാറ്ററിയിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.