‘മറച്ചുവെച്ചാൽ ഞാൻ അങ്ങനെ കാണാതെ പോവോ? കരയണ്ട കേട്ട്വോ, ന്നാ കളർ വാങ്ങിച്ചോ’ – മുത്തപ്പന്റെ വാക്കുകൾ കുഞ്ഞുകലാകാരൻ നവദേവിനെ ഈറനണിയിച്ചു. കണ്ണൂർ പുത്തൂർ നാറോത്ത് മുത്തപ്പന് ഛായാചിത്രം നൽകിയ നവദേവിനെയാണ് മുത്തപ്പൻ ചേർത്തുപിടിച്ച് അനുഗ്രഹിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
മുത്തപ്പനെ വരച്ച ചിത്രം നൽകിയപ്പോൾ നവദേവിനോട് മുത്തപ്പൻ പറഞ്ഞ വാക്കുകളിങ്ങനെ.. “ഉള്ളിലുള്ളത് പകർത്താൻ ദൈവികമായ കഴിവുവേണം. അത് ജന്മസിദ്ധമാണ്. പണം കൊടുത്താൽ കഴിവുകിട്ട്വോ? ഉള്ളിലുള്ളത് ഒരു പ്രതലത്തിലേക്ക് പകർത്തണമെങ്കിൽ ഇവൻ അത്രമാത്രം എന്നെ സ്വീകരിച്ചിട്ടുണ്ടാകും. ഇത്രയും മൂല്യമുള്ളതിന് പകരം നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല. ഇതിലും ഭംഗിയിലും വലിപ്പത്തിലും മുത്തപ്പനെ ഇനിയും ഇതുപോലെ പകർത്തണം.
കരയണ്ടാട്ടോ.. കരയരുത്.. ഇനി എന്തുവരച്ചാലും മുത്തപ്പനെ കൊണ്ടുവന്ന് കാണിക്കണം കേട്ട്വോ? ഇതുപിടിക്ക്.. (രൂപ നൽകി) നാളെ വരയ്‌ക്കാനുള്ളത് വാങ്ങിക്കണം. “- നവദേവിന്റെ കണ്ണീർ തുടച്ച് മുത്തപ്പൻ പറഞ്ഞു. ഹൃദയാർദ്രമായ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും എക്സിലും നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.