ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ കൊനിദേല പവൻ കല്യാൺ.
ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ കേന്ദ്ര നേതാക്കളെ കണ്ടിട്ടില്ലെന്നും അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണാനെത്തിയതെന്നും പവൻ കല്യാൺ പറഞ്ഞു. ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുന്നതിന് മുമ്പ് അൽപനേരം ആന്ധ്രാപ്രദേശ് ഭവനിൽ വിശ്രമിച്ചു. അവിടെനിന്ന് അമിത് ഷായുടെ വസതിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രതിനിധികളെ കണ്ടങ്കിലും യോഗത്തിന്റെ അജണ്ട എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
വൈകുന്നേരം 6.30ന് അമിത് ഷായെ കണ്ട പവൻ കല്യാൺ ചർച്ചകൾക്ക് ശേഷം നേരെ വിമാനത്താവളത്തിലേക്ക് തിരിച്ചു. യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്ന് പവൻ കല്യാണോ അമിത് ഷായോ വെളിപ്പെടുത്തിയില്ല .
അതിനിടെ പവൻ കല്യാണിന്റെ അപ്രതീക്ഷിത ദൽഹി സന്ദർശനം രാഷ്‌ട്രീയ വൃത്തങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നവംബർ 5 ന് (ചൊവ്വാഴ്‌ച) വൈകുന്നേരം ബി.ജെ.പി കേന്ദ്ര ഓഫീസിൽ ചേർന്ന എൻ.ഡി.എ യോഗം ഉടൻ നടക്കാനിരിക്കുന്ന ജാർഖണ്ഡ് മാഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സംയുക്ത പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് പവൻ കല്യാൺ ബുധനാഴ്ച വൈകിട്ട് ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പവൻ കല്യാണിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് സൂചന. മുംബൈയും പൂനെയും ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ വിവിധ മേഖലകളിൽ സ്ഥിരതാമസമാക്കിയ തെലുങ്കരെ ആകർഷിക്കാൻ പവൻ കല്യാണിന്റെ പ്രചാരണം ഉപയോഗപ്രദമാകുമെന്ന് എൻ ഡി എ കരുതുന്നു.















