ന്യൂഡൽഹി: ഇന്ത്യയിലെ രാജവംശങ്ങളെക്കുറിച്ച് ലേഖനത്തിൽ അപമാനകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ വിമർശനവുമായി രാജകുടുംബത്തിലെ നേതാക്കൾ. വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യൻ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്താൻ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കൊളോണിയൽ ചിന്താഗതിയുള്ള രാഹുൽ ഗാന്ധിക്ക് ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് ധാരണയില്ലെന്നും ഭാരത മാതാവിനെ അപമാനിക്കുന്നതിന് പകരം യഥാർത്ഥ ഇന്ത്യൻ നായകന്മാരെ ബഹുമാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“രാഹുൽഗാന്ധിയുടെ അജ്ഞത എല്ലാ പരിധികളും കടന്നിരിക്കുന്നു. രാജ്യത്തെ ഉയർത്തികൊണ്ടുവരാനാണ് താങ്കൾ ശ്രമിക്കുന്നതെങ്കിൽ ഭാരതമാതാവിനെ അപമാനിക്കുന്നത് നിർത്തുക. നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹദ്ജി സിന്ധ്യ, യുവരാജ് ബിർ തികേന്ദ്രജിത്ത്, കിറ്റൂർ ചെന്നമ്മ, റാണി വേലു നാച്ചിയാർ തുടങ്ങിയ യഥാർത്ഥ വീരന്മാരെ കുറിച്ച് പഠിക്കുക,” ജ്യോതിരാദിത്യ സിന്ധ്യ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയുടെ പൈതൃകം ‘ഗാന്ധി’ എന്ന തലക്കെട്ടിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാത്രമാണ് യഥാർത്ഥ പോരാളികളുടെ കഥകൾ ആഘോഷിക്കപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മുൻകാല രാജകുടുംബങ്ങളുടെ ത്യാഗം മൂലം മാത്രമാണ് സംയോജിത ഇന്ത്യ എന്ന സ്വപ്നം സാധ്യമായതെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിവ്യകുമാരി പറഞ്ഞു.
ഒരു പ്രധാന ദിനപത്രത്തിലെ ലേഖനത്തിലെ രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഇന്ത്യ നിശബ്ദമായിരുന്നു. ഇത് കമ്പനിയുടെ ബിസിനസ് വൈഭവം കൊണ്ടല്ലെന്നും മറിച്ച് അടിച്ചമർത്താനുള്ള അവരുടെ കഴിവുകൊണ്ടാണെന്നുമായിരുന്നു രാഹുൽ എഴുതിയത്. അനുസരണയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും സഖ്യമുണ്ടാക്കി, കൈക്കൂലി നൽകിയും ഭീഷണിപ്പെടുത്തിയും കമ്പനി ഇന്ത്യയെ അടിച്ചമർത്തിയെന്ന് അദ്ദേഹം പരാമർശിച്ചു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.