വാഷിംഗ്ടൺ ഡിസി: പെൻസിൽവാനിയയിൽ പാങ്കാളിയെ കുത്തിക്കൊലപ്പെടുത്തി കാമുകൻ. 50 കാരിയായ കാർമൻ മാർട്ടിനെസ് സിൽവയെയാണ് 49 കാരനായ ബെഞ്ചമിൻ ഗുവൽ കൊലപ്പെടുത്തിയത്. കാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുടി വെട്ടിയതോടെ കുത്തിക്കൊലപ്പെടുത്തുമെന്ന് 50 കാരിയെ ഗുവൽ നിരന്തരം ഭീക്ഷണിപ്പെടുത്തിയിരുന്നതായി സിൽവയുടെ മകൾ പൊലീസിന് മൊഴി നൽകി. അതിനാൽ മുടി വെട്ടിയ ശേഷം തന്റെ വീട്ടിലായിരുന്നു അമ്മ താത്കാലികമായി അഭയം പ്രാപിച്ചതെന്നും അവർ പൊലീസിനോട് പറഞ്ഞു.
മകളുടെ വീട്ടിൽ നിന്നും സിൽവ പിന്നീട് പോയത് തന്റെ സഹോദരന്റെ വീട്ടിലേക്കാണ്. ഇതിനിടയിൽ ഗുവലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് അദ്ദേഹത്തെ അറിയിക്കണമെന്ന് സിൽവ സുഹൃത്തിനെ വിളിച്ചു പറഞ്ഞു. എന്നാൽ സിൽവയെ പിന്തുടർന്ന ഗുവൽ, സഹോദരന്റെ വീട്ടിലെത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു.
വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഗുവൽ, കയ്യിലിരുന്ന കത്തിക്കൊണ്ട് സിൽവയുടെ സഹോദരനെ ആക്രമിച്ചു. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സിൽവയ്ക്ക് കുത്തേറ്റത്. 50 കാരിയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.