പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ജയിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിനെ ജയിപ്പിക്കാൻ എല്ലാ കാലത്തും സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും ഇത്തവണ അത് വളരെ പ്രകടമാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെ വോട്ട് കൊണ്ടാണ് യുഡിഎഫ് ജയിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞിരിക്കുകയാണ്. അത് ശരിവയ്ക്കുന്ന നിലപാടായിരുന്നു എ കെ ബാലന്റേതും. തുറന്ന് സമ്മതിക്കപ്പെട്ട വസ്തുതയാണിത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് -എൽഡിഎഫ് അന്തർധാര വളരെ സജീവമാണ്. സരിനെ ബലിയാടാക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. യുഡിഎഫ്-എൽഡിഎഫ് ഡീലിനെതിരായുള്ള വിധിയാരിക്കും ഇത്തവണ ഉണ്ടാകാൻ പോകുന്നത്.
പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെ എന്തുകൊണ്ടാണ് പിണറായിയുടെ പൊലീസ് ചോദ്യം ചെയ്യാത്തത്. വി ഡി സതീശനാണ് പിണറായി വിജയന്റെ ഐശ്വര്യം. സതീശനെ പോലൊരു പ്രതിപക്ഷ നേതാവിനെ കേരളം ഇതുവരെ കണ്ടിട്ടില്ല.
പാലക്കാട് ജില്ലാ കളക്ടർ സിപിഎമ്മിന്റെ ആളാണ്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോൾ, തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കളക്ടർ ആവശ്യപ്പെട്ടത്. രഥോത്സവം നടക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ഒരു ആപാകതയുമില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടർ റിപ്പോർട്ട് നൽകിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.