കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയ നിയമ അദ്ധ്യാപകനെ കണ്ണൂർ സർവകലാശാല പിരിച്ചു വിട്ടു. കാസർകോട് മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രഫസർ ഷെറിൻ സി. എബ്രഹാമിനെതിരെയാണ് നടപടി.
എൽ.എൽ.ബി മൂന്നാം സെമസ്റ്റർ ‘ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ്’ പേപ്പർ ഇന്റേണൽ പരീക്ഷയിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ എ.ഡി.എമ്മിന്റെ മരണം ഉൾപ്പെടുത്തിയത്. എന്നാൽ പി.പി ദിവ്യയുടെയോ നവീൻബാബുവിന്റെയോ പേര് ചോദ്യ പേപ്പറിൽ പരാമർശിച്ചിട്ടില്ല.
‘രാഷ്‌ട്രീയ പാർട്ടി നേതാവായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ കൈക്കൂലി ആരോപിച്ചതിനെ തുടർന്ന് എ.ഡി.എം തൂങ്ങി മരിച്ചു. പരസ്യമായ കൈക്കൂലി ആരോപണമാണ് മരണത്തിലേക്ക് നയിച്ചത്. കൈക്കൂലിക്കുള്ള തെളിവൊന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇതുവരെ ഹാജരാക്കിയില്ല. അവർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തു. അവർ കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ജാമ്യ ഹരജിയിൽ വാദംകേൾക്കുന്നതിന് കേരള കോടതി ഒക്ടോബർ 24ലേക്ക് കേസ് മാറ്റിവെച്ചു’- ഇതിലെ മനുഷ്യാവകാശ പ്രശ്നങ്ങളും വിഷയങ്ങളും സംബന്ധിച്ച് കുറിപ്പ് തയാറാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
എ.ഡി.എമ്മിന്റെ മരണം ഇടതുപക്ഷത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിതെന്ന് സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ. ഷിനോ പി. ജോസ് പറഞ്ഞു. വൈസ് ചാൻസലർക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















