ഉയരം കൂടുമ്പോൾ ചായയുടെ ടേസ്റ്റ് കൂടുമെന്ന് മോഹൻലാൽ ഒരു പരസ്യത്തിൽ പറയുന്നതുപോലെ ഉയരത്തിലെത്തുമ്പോൾ ശരീരത്തിന്റെ നീളവും വർദ്ധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ബഹിരാകാശ യാത്രികർക്ക് മൈക്രോ ഗ്രാവിറ്റിയിൽ (ഭാരമില്ലാത്ത അവസ്ഥ) ജീവിക്കുന്ന സമയത്ത് 3 ശതമാനം വരെ ഉയരം കൂടുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. അതായത് 6 അടി (1.8 മീറ്റർ) ഉയരമുള്ള ഒരാൾക്ക് ഭ്രമണപഥത്തിലായിരിക്കുമ്പോൾ 2 ഇഞ്ച് (5 സെൻ്റീമീറ്റർ) വരെ വർദ്ധിച്ചേക്കാം.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒരു മാസം തങ്ങുമ്പോഴേക്കും ബഹിരാകാശ സഞ്ചാരികൾക്ക് ചെറിയ തോതിൽ ഉയരം വർദ്ധിക്കുമെന്നാണ് കണ്ടെത്തൽ. നാല് മുതൽ ഏഴ് മാസം വരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ആറ് ശാസ്ത്രജ്ഞരെ പരിശോധിച്ചതിൽ നിന്നാണ് ഇത് ആദ്യം കണ്ടെത്തുന്നത്. അവർ ദൗത്യത്തിനായി പുറപ്പെടുന്നതിന് മുൻപ് നട്ടെല്ല് എംആർഐ സ്കാൻ ചെയ്ത് പരിശോധിച്ചു. ശേഷം അവർ മടങ്ങിയെത്തിയപ്പോഴും സ്കാൻ ചെയ്തു. സ്പൈനൽ അൺലോഡിംഗ് കാരണം അവർക്ക് ഉയരം വർദ്ധിച്ചതായി കണ്ടെത്തി. നട്ടെല്ലിൽ മാറ്റം സംഭവിക്കുന്നതിനാൽ ബഹിരാകാശ യാത്രികർക്ക് ദൗത്യത്തിനിടയിൽ നടുവേദന അനുഭവപ്പെടുന്നതും പതിവാണ്.
നട്ടെല്ലിലെ ഡിസ്കിന് വലിവ് സംഭവിക്കുമ്പോഴാണ് ശരീരത്തിന്റെ ഉയരം വർദ്ധിക്കുന്നത്. ഭൂമിയിൽ ജീവിക്കുമ്പോൾ ഡിസ്ക് ചുരുങ്ങിയാകും ഇരിക്കുക. ഭൂമിയുടെ ഗുരുത്വാകർഷണം മൂലമാണിത്. എന്നാൽ ബഹിരാകാശത്ത് എത്തുമ്പോൾ ഗുരുത്വാകർഷണം കുറഞ്ഞ് സീറോ ഗ്രാവിറ്റിയിൽ എത്തുന്നതോടെ ഡിസ്ക് വികസിക്കും. അതുവഴി നട്ടെല്ലിന് നീളം വയ്‌ക്കും, തൽഫലമായി ശരീരത്തിന്റെ ഉയരം കൂടും.















