കൊച്ചി: പുതുമുഖ തിരക്കഥാകൃത്തുക്കൾക്ക് അവസരങ്ങളുടെ പുതിയ ലോകം തുറന്നിട്ട് പ്രഭാസ്. ഇതിനായി ഒരു വെബ്‌സൈറ്റ് തന്നെ തുറന്നിരിക്കുകയാണ് താരം. ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് ഡോട്ട് കോം (thescriptcraft.com) എന്ന വെബ്‌സൈറ്റിൽ എഴുത്തുകാർക്ക് അവരുടെ തിരക്കഥയുടെ ആശയം സമർപ്പിക്കാം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രഭാസ് ഇക്കാര്യം പുറത്തുവിട്ടത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ എന്ന സ്വപ്നത്തിലേയ്‌ക്ക് കൈപിടിച്ച് ഉയർത്തുന്നതിനുമാണ് പ്രഭസിന്റെ ഈ പുതിയ ഉദ്യമം.
250 വാക്കുകളിൽ ഒതുങ്ങുന്ന ആശയങ്ങളാകണം സമർപ്പിക്കേണ്ടത്. ഈ ആശയങ്ങൾ പ്രേക്ഷകർക്ക് വായിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്‌ക്കാനും ആശയത്തിന്റെ നിലവാരമനുസരിച്ചു റേറ്റിംഗ് നൽകാനും അവസരമുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങൾ സിനിമയാ കും.
വെബ്‌സൈറ്റ് ലോഞ്ചിന്റെ ഭാഗമായി സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പർ ഹീറോ ആയി സങ്കൽപ്പിച്ച് 3500 വാക്കിൽ ഒതുങ്ങി നിൽക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാർക്കായി പ്രഭാസ് ഒരുക്കുന്നുണ്ട്. പ്രേക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മത്സര വിജയിയെ തീരുമാനിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകളിൽ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.
പ്രശസ്ത നിർമ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകൻ വൈഷ്ണവ് താള്ളായുമാണ് ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകർ. തെരഞ്ഞെടുക്കുന്ന കഥകൾ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനും പ്രഭാസ് പദ്ധതിയിടുന്നുണ്ട്.
സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്‌ക്ക് എത്താൻ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ട്ടപ്പെടുന്ന നിരവധി ചെറുപ്പക്കാർ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്കായി അവസരം തുറക്കുകയാണ് പ്രഭാസിന്റെ ലക്ഷ്യം. വൈവിധ്യമായ കഥകളോടുള്ള അഭിനിവേശവും ഇത്തരത്തിലുള്ള പുതിയ കഥകൾ കണ്ടെത്തുന്നതിനുളള ശ്രമങ്ങളുടെയും ഭാഗമാണ് വേറിട്ട പരീക്ഷണം.
ഉന്നത നിലവാരത്തിലുള്ള സ്‌പെഷ്യൽ എഫക്ടുളും നിർമാണ രീതികളുമായി ഇന്ത്യൻ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച പ്രഭാസ് ചിത്രങ്ങളായിരുന്നു ബാഹുബലിയും കൽക്കിയും. എന്നാൽ ഗ്രാഫിക്‌സിനപ്പുറം കെട്ടുറപ്പുള്ള, വൈവിധ്യമായ ഒരു കഥാപശ്ചാത്തലം കൂടി ഈ രണ്ടു ചിത്രങ്ങൾക്കും ഉണ്ടായിരുന്നു.















