ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ യുവാവിനെ വെറുതെവിട്ട് കോടതി. യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചെന്ന വാദത്തെ തള്ളുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്. പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം കുറ്റാരോപിതന് യുവതി അയച്ച സന്ദേശങ്ങൾ ഇതിന് കടകവിരുദ്ധമായിരുന്നു. ലൈംഗികമായി ഉപദ്രവിച്ച ഒരാളോട് ഇതുപോലെ സൗഹാർദപരമായി സംസാരിക്കാനോ സന്ദേശം അയക്കാനോ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചുവെന്ന വാദം കോടതി തള്ളുകയും പ്രതിയായ യുവാവിനെ വെറുതെ വിടുകയുമായിരുന്നു.
നിർബന്ധിത ലൈംഗിക ബന്ധമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. എന്നാൽ ഈ വാദത്തെ തള്ളുന്ന രീതിയിലായിരുന്നു അതിജീവിതയും കുറ്റാരോപിതനും തമ്മിലുള്ള സംസാരം. ഇരുകൂട്ടരും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നിട്ടുള്ളതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
നിർബന്ധിത ലൈംഗികബന്ധത്തിന് ശേഷം സല്ലപിച്ച് സംസാരിക്കുന്നത് അസംഭവ്യമാണെന്ന് ചാറ്റുകൾ വായിച്ച കോടതി വ്യക്തമാക്കി. പരാതിക്കാരിയായ പെൺകുട്ടി വിദ്യാഭ്യാസ സമ്പന്നയും പക്വതയുള്ള സ്ത്രീയുമാണ്. അതിനാൽ സംഭവം നടന്നതായി പറയപ്പെടുന്ന സമയത്തിന് ശേഷം യുവതി അയച്ച സന്ദേശങ്ങൾ ലൈംഗികാരോപണത്തെ തള്ളുന്നു. മാത്രവുമല്ല സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പരാതി ഉയർന്നതെന്നും ഡൽഹി കോടതി നിരീക്ഷിച്ചു.















