തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിപറയും. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡിൽ ആയത്.11 ദിവസമായി കണ്ണൂർ വനിതാ ജയിലിലാണ്.
പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 29-നാണ് ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്‌ക്ക് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെയായിരുന്നു വാദം .പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ ആണ് ഹാജരായത്.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയാൽ ദിവ്യയ്‌ക്ക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയോ വീണ്ടും ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുകയോ ആകാം. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തെളിവെടുപ്പും പൂർത്തിയാക്കിയാൽ സെഷൻസ് കോടതിയിൽ നിന്നുതന്നെ ജാമ്യം കിട്ടാൻ സാധ്യത കൂടുതലാണ്.















