ശ്രീനഗർ: ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പൊലീസും പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. ഭീകരരെ കണ്ടെത്താനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് സൈന്യം, പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്.
” രഹസ്യാന്വേഷണത്തിൽ ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. പാനിപുര, സോപോർ, ബാരാമുള്ള തുടങ്ങിയ മേഖലകൾ നിരീക്ഷിച്ചു വരികയാണ്. വെടിയുതിർത്ത ഭീകരർക്കെതിരെ സൈന്യം തിരിച്ചടിച്ചു.”- ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കുപ്വാരയിലെ മാർഗി, ലോലോബ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബന്ദിപ്പോരയിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തുടർച്ചയായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബന്ദിപ്പോരയിൽ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി മറ്റൊരു ഓപ്പറേഷന് തുടക്കമിട്ടിരുന്നു.
കശ്മീരിൽ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഭീകരാക്രമണങ്ങളിലും ഭീകരവാദ പ്രവർത്തനങ്ങളിലും വർദ്ധനവുണ്ടായതായി അധികൃതർ അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങൾ സൈന്യം നിരന്തരം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.