വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പെയ്ൻ മാനേജർ സൂസി വൈൽസിന് നിയമനം നൽകി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 67കാരിയായ സൂസി വൈൽസ്. കഠിന പ്രയത്‌നം നടത്തുന്നയാളാണ് സൂസിയെന്നും അവരുടെ കഴിവുകൾ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ട്രംപ് പ്രശംസിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ട്രംപ് നടത്തുന്ന നിർണായക പ്രഖ്യാപനമാണിത്.
” അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ വിജയം നേടാൻ സൂസി വൈൽസ് എന്നെ സഹായിച്ചു. 2016ലും 2020ലും ഞാൻ നടത്തിയ ക്യാമ്പെയ്‌നുകളിലെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അവര്‍. സൂസി വളരെയധികം കഴിവുകളുള്ള കഠിനാധ്വാനം ചെയ്യുന്ന ആളാണ്. എല്ലാവരും അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ സൂസിയുടെ സേവനം ആവശ്യമാണ്.
അമേരിക്കയിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലൂടെ അർഹതപ്പെട്ട അംഗീകാരമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. സ്ത്രീ സമൂഹത്തിന് കൂടി ലഭിക്കുന്ന ബഹുമതിയാണിതെന്നും” ട്രംപ് കൂട്ടിച്ചേർത്തു. സൂസിയുടെ നിയമനം ഏറ്റവും നല്ല വാർത്തയാണെന്നാണ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചത്. വൈറ്റ്ഹൗസിന് അവർ വലിയ മുതൽക്കൂട്ടായിരിക്കുമെന്നും, നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സൂസിയെന്നും ജെ ഡി വാൻസ് പറയുന്നു.
പ്രമുഖ ഫുട്‌ബോൾ കളിക്കാരനും സ്‌പോർട്‌സ് കാസ്റ്ററുമായിരുന്ന പാറ്റ് സമ്മറലിന്റെ മകളാണ് സൂസി വൈൽസ്. ഫ്‌ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂസി 1980ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റൊണാൾഡ് റീഗന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പ്രതിനിധികളായ ജാക്ക് കെംപ്, ടില്ലി ഫൗളർ എന്നിവർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടാണ് അവർ തന്റെ കരിയറിന് തുടക്കമിടുന്നത്. 2018ൽ ഫ്‌ളോറിഡയുടെ റിപ്പബ്ലിക്കൻ ഗവർണറായ റോൺ ഡിസാന്റിന്റെ വിജയത്തിൽ നിർണായക പങ്കാളിയായി. 2016ലും 2020ലും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാന സ്ഥാനവും സൂസിക്കായിരുന്നു.















