കോഴിക്കോട്: ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കങ്ങളിൽ ഒന്നാണ് വഖ്ഫ് അധിനിവേശമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി. പഴയകാല ജന്മിമാരെ പോലെയാണ് വഖ്ഫ് ബോർഡ് പെരുമാറുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. വഖ്ഫ് ബോർഡ് അവകാശം ഉന്നയിച്ച് നോട്ടീസ് അയച്ച കോഴിക്കോട് സ്വദേശി ബാലകൃഷ്ണനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലത്ത് ജന്മി വന്ന് നിങ്ങൾ ഇവിടെ നിന്ന് ഇറങ്ങണമെന്ന് പറയുന്നത് പോലെയാണ് വഖ്ഫിന്റെ പെരുമാറ്റം. നോട്ടീസും നൽകി ഇവിടെ നിന്ന് ഇറങ്ങണമെന്നാണ് വഖ്ഫ് പറയുന്നത്. ഇതെന്തൊരു അനീതിയാണ്. 2014-ൽ രാജ്യത്തെ ഭരണത്തിൽ മാറ്റം വന്നില്ലായിരുന്നെങ്കിൽ വഖ്ഫ് അധിനിവേശം ഇതിലും ഭീകരമാകുമായിരുന്നു. നിലവിലെ വഖ്ഫ് നിയമത്തിൽ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്.
ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നാട്ടിലെ ഏത് ഭൂമിയും പിടിച്ചെടുത്ത് കൊണ്ട് പോകാൻ സാധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. വഖഫ് നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ന് എറണാകുളത്ത് സംസ്ഥാനതല കൺവെൻഷൻ നടക്കും.















