ടെൽഅവീവ്: ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്‌സ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്‌സ്. രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ കാറ്റ്‌സ് പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യോവ് ഗാലന്റിന്റെ നേതൃത്വത്തിൽ സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കം.
ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ യോവ് ഗാലന്റിന് നിരവധി വീഴ്ചകൾ ഉണ്ടായതായി നെതന്യാഹു ആരോപിച്ചിരുന്നു. പ്ര്ധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ വിശ്വാസം എന്ന ഘടകത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, അത് നഷ്ടപ്പെടുന്ന ഘട്ടത്തിൽ ഒരുമിച്ച് മുന്നോട്ട പോകുന്നത് അസാധ്യമാണെന്നുമാണ് നെതന്യാഹു യോവ് ഗാലന്റിനെതിരായ പ്രസ്താവനയിൽ ആരോപിച്ചത്.
ഗാസയിൽ ഹമാസിനെതിരായ പോരാട്ടവും, ബന്ദികളെ തിരികെ എത്തിക്കാൻ സാധിക്കാത്തതിന്റെ പേരിലും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സർക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ യോവ് ഗാലന്റ് നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ഗിഡിയൻ സാർ ചുമതലയേൽക്കും.















