ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്ര സർക്കാരിന്റെ നീക്കം ആഗോള എണ്ണവിലയിലെ വർദ്ധനവ് ഒഴിവാക്കാൻ സഹായിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ലോകത്തിന് മുഴുവൻ ഉപകാരം ചെയ്തു, കാരണം ഞങ്ങൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ആഗോള എണ്ണ വില ബാരലിന് 200 ഡോളറായി ഉയരുമായിരുന്നു,” ഹർദീപ് സിംഗ് പുരി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
റഷ്യൻ എണ്ണ ഉപരോധത്തിന് വിധേയമല്ല. എന്നാൽ അതിന് വില പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ഇതെല്ലം പാലിച്ചിട്ടുണ്ട്. മാത്രമല്ല യൂറോപ്യൻ,ഏഷ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
“വിവരമില്ലാത്ത ചില കമന്റേറ്റർമാർ ഇന്ത്യയിൽ റഷ്യൻ എണ്ണയ്‌ക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റ് പല യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ക്രൂഡ് ഓയിൽ, ഡീസൽ, എൽഎൻജി, അപൂർവ ധാതുക്കൾ എന്നിവ റഷ്യയിൽ നിന്നും വാങ്ങുന്നുണ്ട്,” കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ എണ്ണക്കമ്പനികൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നിടത്തുനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരും. പൗരന്മാർക്ക് സ്ഥിരമായ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം പെട്രോൾ പമ്പുകളിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് പൗരൻമാർക്ക് താങ്ങാവുന്ന വിലയിൽ ഇന്ധന ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ വില വർദ്ധിച്ചിട്ടും കഴിഞ്ഞ് മൂന്ന് വർഷമായി ഇന്ധനവിലയിൽ ഗണ്യമായ കുറവുവന്ന ഒരേയൊരു ഉപഭോക്തൃ രാഷ്‌ട്രമാണ് ഇന്ത്യയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.















