തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്‌ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ജയിലിലായി 11 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യയ്‌ക്ക് ജാമ്യം കിട്ടിയത്.
ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ദിവ്യയ്‌ക്ക് ജാമ്യം നൽകുന്നതിനെ നവീൻ ബാബുവിന്റെ കുടുംബവും എതിർത്തിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും സഹകരിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ച വിധിയാണെന്നുമാണ് ദിവ്യയുടെ അഭിഭാഷകനായ വിശ്വൻ പറഞ്ഞത്.
വിധിപകർപ്പ് ലഭിച്ചിട്ടില്ലെന്നും, നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞു. അതേസമയം ജാമ്യാപേക്ഷയിലെ വാദത്തിൽ നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴിയെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്മേൽ രണ്ട് ദിവസത്തിനുള്ളിൽ നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.















