ബെംഗളൂരു: സർ എം വിശ്വേശ്വരയ്യ പ്രാഥമിക വിദ്യാഭ്യാസം നേടിയ സർക്കാർ സ്‌കൂൾ വഖ്ഫ് സ്വത്താണെന്ന് അവകാശവാദം.
ഭാരതത്തിലെ എൻജിനീയറിങ് കുലപതിയായിരുന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച ചിക്കബല്ലാപ്പൂർ താലൂക്കിലെ കാണ്ഡവര സർക്കാർ മോഡൽ ഹയർ പ്രൈമറി സ്‌കൂളിന്റെ ഭൂമിയാണ് ദാവൂദ് ഷാ വാലി ദർഗ വക സുന്നി വഖ്ഫ് സ്വത്താണെന്ന് റവന്യൂ രേഖകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നുവന്നു. അന്നുമുതൽ, നാട്ടുകാരും അധ്യാപകരും ഭൂമി സംരക്ഷിക്കുന്നതിനായി നിയമപോരാട്ടം നടത്തിവരികയാണ്.ഈ വിഷയത്തിൽ ഈ സ്‌കൂളിലെ ചില പൂർവവിദ്യാർഥികൾ ലോകായുക്തയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. സ്‌കൂൾ സ്വത്തായിരുന്ന സ്ഥലം ഒരു സുപ്രഭാതത്തിൽ മുന്നറിയിപ്പില്ലാതെ വഖ്ഫ് സ്വത്തായി മാറ്റിയെന്നും പൂർവ്വ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. സ്‌കൂൾ ഭൂമി സംരക്ഷിക്കാൻ അവർ നിരന്തരമായ പോരാട്ടം നടത്തുകയാണ്.
ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹൈന്ദവ ശ്മശാന ഭൂമികൾ, കർഷകരുടെ ഭൂമികൾ തുടങ്ങി സംസ്ഥാനത്തുടനീളം വഖ്ഫ് ബോർഡ് കൈയേറിയ ഭൂമികളുടെ അളവും എണ്ണവും നാൾക്കു നാൾ വർധിച്ചു വരികയാണ് .
ബിദാർ ജില്ലയിലെ കമലാനഗർ താലൂക്കിലെ തോരണ ഗ്രാമത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച 4 ഏക്കർ ഭൂമിയിലും വഖ്ഫ് ബോർഡ് അവകാശമുന്നയിച്ചു. മുമ്പ് ഈ ഭൂമി റവന്യൂ വകുപ്പിൻ്റേതാണെന്ന് രേഖകളിൽ കാണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.