ഛത്രപതി സാംബാജിനഗർ: തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെയെല്ലാം വിവാഹം നടത്താമെന്ന് എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ പാർളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി രാജെസാഹബ് ദേശ്മുഖിന്റെതാണ് ഈ വിചിത്ര വാഗ്ദാനം. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിവാഹത്തിന്റെ കാര്യം വരുമ്പോൾ പാർളിയിലെ യുവാക്കൾക്ക് ജോലിയുണ്ടോ ബിസിനസുണ്ടോ എന്നറിയാൻ ആണ് ആളുകൾക്ക് താല്പര്യം. അങ്ങനെ വരുമ്പോൾ ബാച്ചിലേഴ്‌സ് നിസഹായരാണ്. അതിനാൽ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ പാർളി മണ്ഡലത്തിലെ യുവാക്കളെ വിവാഹം കഴിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം.
സ്ഥാനാർത്ഥിയുടെ വാഗ്ദാനത്തെ ന്യായീകരിച്ച് എൻസിപിയുടെ (ശരദ് പവാർ) മുഖ്യ വക്താവ് അങ്കുഷ് കാക്ഡെ രംഗത്തെത്തി. യുവാക്കളെ സഹായിക്കാൻ നേതാക്കൾ വാഗ്ദാനം നൽകുന്നതിൽ തെറ്റൊന്നുമില്ല. സമൂഹ വിവാഹങ്ങൾ നടത്തിയും അല്ലാതെയും ആവശ്യക്കാരെ സഹായിക്കാമെന്നാണ് അങ്കുഷിന്റെ നിലപാട്. നവംബർ 20 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ (അജിത്ത് പവാർ) സിറ്റിംഗ് എംഎൽഎയും ക്യാബിനറ്റ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെയാണ് രാജെസാഹബ് ദേശ്മുഖ് മത്സരിക്കുന്നത്.















