ബെയ്ജിങ്: ഗണിത ശാസ്ത്രത്തിൽ ഭാവിയുടെ വാഗ്ദാനമെന്ന് ചൈന വിശേഷിപ്പിച്ചിരുന്ന 17 കാരിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. 17 കാരിയായ ജിയാങ് പിംഗ് ആലിബാബ ഗ്ലോബൽ മാത്തമാറ്റിക്സ് പ്രിലിമിനറി മത്സരത്തിൽ 12-ാം റാങ്ക് നേടിയതോടെയാണ് ലോകശ്രദ്ധയാകർഷിച്ചത്. എന്നാൽ അദ്ധ്യാപികയുടെ സഹായത്തോടെയാണ് ജിയാങ് ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് പുതിയ കണ്ടെത്തൽ.
2018 ൽ മത്സരം ആരംഭിച്ചതിന് ശേഷം ഒരു ഇടത്തരം വൊക്കേഷണൽ സ്കൂളിൽ നിന്ന് വന്ന ആദ്യ ഫൈനലിസ്റ്റായിരുന്നു ജിയാങ്. 800 ഫൈനലിസ്റ്റുകളിൽ ഭൂരിഭാഗവും സമ്പന്ന സർവകലാശാലകളിൽ നിന്നുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ജിയാങ് റാങ്ക് നേടിയത് ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായി മാറിയിരുന്നു. എന്നാൽ പലരും അവൾ നേടിയ മാർക്കിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിനെ തുടർന്ന് മറ്റ് ഫൈനലിസ്റ്റുകൾ സംഘാടക സമിതിക്ക് അയച്ച സംയുക്ത കത്തിൽ 17 വയസുകാരി മുൻപ് പങ്കുവച്ച ഓൺലൈൻ വീഡിയോയിൽ നിരവധി അക്ഷരത്തെറ്റുകൾ വരുത്തിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ജിയാങ് പിംഗിനെതിരെ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. അദ്ധ്യാപികയുടെ സഹായത്തോടെയാണ് മിസ് പിംഗ് ഈ നേട്ടം കൈവരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം സംഘാടക സമിതി പറഞ്ഞു. ജിയാങ് പ്രാഥമിക റൗണ്ടിൽ തന്നെ മത്സരാർത്ഥി കൂടിയായ അദ്ധ്യാപികയുടെ സഹായം സ്വീകരിച്ച് മത്സര നിയമങ്ങൾ ലംഘിച്ചുവെന്ന് സംഘാടകർ കണ്ടെത്തി. തുർന്ന് ജിയാങ് പിംഗിനെ മത്സരത്തിൽ നിന്നും അയോഗ്യക്കുകയും ചെയ്തു.