നടൻ സൂര്യയെ കുറിച്ച് വാചാലനായി സംവിധായകൻ എസ് എസ് രാജമൗലി. പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് സൂര്യയാണെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദിൽ നടന്ന കങ്കുവയുടെ പ്രീ-റിലീസ് ഇവൻ്റിൽ രാജമൗലിയായിരുന്നു മുഖ്യാതിഥിയായി എത്തിയത്. ഈ പരിപാടിയിലായിരുന്നു സൂര്യയെ പുകഴ്‌ത്തിക്കൊണ്ടുള്ള രാജമൗലിയുടെ വാക്കുകൾ.
പാൻ- ഇന്ത്യൻ സിനിമകൾ നിർമിക്കാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്. അദ്ദേഹത്തിന്റെ ഗജിനി എന്ന ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സൂര്യ വലിയ പ്രമോഷൻ നടത്തിയിരുന്നു. തന്റെ സിനിമ തെലുഗു സിനിമാ മേഖലയിൽ ഹിറ്റാകുന്നതിന് വേണ്ടി ഒരുപാട് ശ്രമങ്ങളും സൂര്യ നടത്തി. ഇതാണ് പാൻ -ഇന്ത്യൻ സിനിമകൾ നിർമിക്കാൻ എനിക്ക് പ്രചോദനമായത്.
സിനിമകൾ മറ്റ് ഭാഷയിലേക്ക് റിലീസ് ചെയ്യണമെന്ന് സൂര്യ എന്നെ പഠിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് സൂര്യയോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. പക്ഷേ, ഞാൻ അത് നഷ്ടപ്പെടുത്തി. സൂര്യയുടെ പാത പിന്തുടരണമെന്ന് തെലുഗു സിനിമാ മേഖലയിലെ നടന്മാരോടും നിർമാതാക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്. സൂര്യയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണെന്നും രാജമൗലി പറഞ്ഞു.
രാജമൗലിയുടെ വാക്കുകൾക്ക് പിന്നാലെ വേദിയിലേക്ക് ഓടിയെത്തിയ സൂര്യ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സിരുത്തൈ ശിവ സംവിധാനം ചെയ്ത് സൂര്യ പ്രധാന വേഷത്തിലെത്തുന്ന കങ്കുവ നവംബർ 14-നാണ് തിയേറ്ററുകളിലെത്തുന്നത്.