നികുതി ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ നമ്പർ എന്നതിനപ്പുറം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. മുതിർന്നവർക്ക് മാത്രമല്ല 18 വയസിന് താഴെയുള്ളവർക്കും പാൻ കാർഡ് എടുക്കാമെന്ന് എത്ര പേർക്കറിയാം?
ആദായ നികുതി വകുപ്പ് നൽകുന്ന പത്തക്ക ആൽഫാന്യൂമറിക് നമ്പറാണ് പാൻ കാർഡ്. മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ ഇടപാടുകൾ കൂടുതൽ ലളിതമാക്കാനും കഴിയും. പാൻ കാർഡ് ഉണ്ടെങ്കിൽ ഇടപാടുകളിൽ പ്രായപൂർത്തിയാകാത്തവരുടെ പേര് റജിസ്റ്റർ ചെയ്യാൻ എളുപ്പമാണ്. ഇത് അവരുടെ നിക്ഷേപങ്ങളിലോ ആസ്തികളിലോ നിയമപരമായ അവകാശമുണ്ടെന്ന് ഉറപ്പാക്കുന്നു. സുകന്യ സമൃദ്ധി യോന അക്കൗണ്ട് ഉൾപ്പടെ തുറക്കാൻ പാൻ കാർഡ് നിർബന്ധമാണെന്ന കാര്യം പ്രത്യേകം ഓർക്കണം.
പ്രായപൂർത്തിയാകാത്തവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ആണ് മൈനർ പാൻ കാർഡിനായി അപേക്ഷിക്കേണ്ടത്. 18 വയസ് പൂർത്തിയാകുന്ന മുറയ്‌ക്ക് ഇത് അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്. മൈനർ പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാം..
- പാൻ കാർഡിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റായ nsdl.co.in സന്ദർശിക്കുക.
- പുതിയ പാൻ കാർഡിനായി ഫോം 49 A അപേക്ഷ തെരഞ്ഞെടുക്കുക.
- കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആവശ്യമായ രേഖകൾ, മാതാപിതാക്കളുടെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുക.
- മാതാപിതാക്കളുടെ ഒപ്പ് അപ്‌ലോഡ് ചെയ്ത് 107 രൂപ ഫീസ് അടക്കുക.
- അപേക്ഷാ നില ട്രാക്ക് ചെയ്യുന്നതിന് ഫോം സമർപ്പിക്കുകയും രസീത് നമ്പർ സ്വീകരിക്കുകയും ചെയ്യുക.
- പരിശോധിച്ചുറപ്പിച്ചതിന് ശേഷം, 15 ദിവസത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കും.
ഓഫ്‌ലൈനായും മൈ നർ പാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ NSDL ഓഫീസിൽ നിന്നോ ഫോം 49A പൂരിപ്പിക്കുക. കുട്ടിയുടെ രണ്ട് ഫോട്ടോകളും ആവശ്യമായ രേഖകളും നൽകി എൻഎസ്ഡിഎൽ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നൽകിയിരിക്കുന്ന വിലാസത്തിലേക്ക് പാൻ കാർഡ് ലഭിക്കുന്നതായിരിക്കും.















