തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകവൃന്ദമുള്ള നടനാണ് സൂര്യ. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൂര്യ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം കനകക്കുന്നിലും എറണാകുളം ലുലുമാളിലും എത്തിയ താരത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആരാധകരാണ് സൂര്യയെ കാണാനായി ഒത്തുകൂടിയത്.
സൂര്യയുടെ ഹിറ്റ് ചിത്രമായ ‘സില്ലിന് ഒരു കാതൽ’ എന്ന സിനിമയിലെ ഒരു സീൻ സൂര്യ അഭിനയിച്ച് കാണിച്ചതോടെ ആരാധകർക്ക് രോമാഞ്ചമായി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. പരിപാടിയോടനുബന്ധിച്ച് വലിയ തിരക്കാണ് കനകക്കുന്നിലുണ്ടായിരുന്നത്.
വേദിയിൽ മുട്ടുകുത്തിയിരുന്ന് ആരാധകരോട് നന്ദി പറഞ്ഞ സൂര്യയ്‌ക്ക് ചുറ്റും ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ ഉയർന്നു. നിങ്ങളാണ് എന്റെ ശക്തിയും വിജയവുമെന്ന് സൂര്യ ഉറക്കെ വിളിച്ച് പറഞ്ഞതോടെ ആരാധകർ ആവേശത്തിലായി. ഐ ലവ് യൂ സൂര്യ എന്ന വാചകം ആരാധകർക്കിടയിൽ അലയടിക്കുന്നുണ്ടായിരുന്നു.
തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും സൂര്യ ആരാധകരോട് പങ്കുവച്ചു. 1997-ൽ ഒരു സിനിമയുടെ ഷൂട്ടിംഗിനായി ഞാൻ തിരുവനന്തപുരത്ത് വന്നിരുന്നു. അന്ന് ആർക്കും എന്നെ അറിയില്ലായിരുന്നു. കൈ എടുത്ത് കാണിക്കുകയോ ഫോട്ടോ എടുക്കാൻ അടുത്തേക്ക് വരികയോ ആരും ചെയ്തിരുന്നില്ല. ഒരുപാട് ആരാധകർ ഇവിടെ ഉണ്ടാകണമെന്ന് ഞാൻ അന്ന് ആഗ്രഹിച്ചിരുന്നു.
എന്നാൽ ഇന്ന്, ഓരോ ദിവസവും കഴിയുമ്പോഴും എന്നെ സ്നേഹിക്കുന്നവരും ഇവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. ഞാൻ നിങ്ങളുടെ സൂര്യയാണ്. എന്നും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും. ലോകത്ത് എവിടെ പോയാലും എന്റെ അടുത്ത് സ്നേഹത്തോടെ വന്ന് സംസാരിക്കുന്നവരിൽ എപ്പോഴും ഒരു തിരുവനന്തപുരംകാരൻ ഉണ്ടായിരിക്കുന്നും സൂര്യ പറഞ്ഞു. താരത്തിന്റെ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ആരാധകർ നൽകിയത്.