ചെന്നൈ: ലഹരിക്കടത്തിനിടെ പിടിയിലായി യുവസംഘം. നാല് യുവാക്കളും ഒരു യുവതിയുമാണ് ചെന്നൈയിലെ എസ്പ്ലനേഡ് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്‌ക്കിടെയാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് മെത്ത് അഥവ ക്രിസ്റ്റൽ മെത്ത് എന്ന് അറിയപ്പെടുന്ന മെത്താഫെറ്റമിൻ കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ മന്നാടിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാപരിശോധന നടത്തിയത്. തുടർന്ന് രണ്ട് മോട്ടോർബൈക്കുകളിലായി എത്തിയ നാല് യുവാക്കളെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ഇവരിൽ നിന്നാണ് മെത്ത് കണ്ടെത്തിയത്. പിന്നാലെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരിക്കടത്തിന്റെ മുഖ്യ ഇടപാടുകാരിയായ ഫാത്തിമയിലേക്ക് പൊലീസ് എത്തിയത്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്തു.
ലഹരിക്കടത്ത് കേസിൽ പിതാവ് അറസ്റ്റിലായ ശേഷം മയക്കുമരുന്ന് ബിസിനസ് ഏറ്റെടുത്ത് നടത്തിയ മകളാണ് ഫാത്തിമ. പിതാവ് ഷാഹുൽ ഹമീദ് മൂന്ന് വർഷം മുൻപായിരുന്നു അറസ്റ്റിലായത്. ഇതോടെ ഷാഹുലിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുവാക്കളുടെ സഹായത്തോടെ ഫാത്തിമ ലഹരിക്കടത്തിൽ സജീവമാവുകയായിരുന്നു.
ദിനേഷ് പ്രതാപ് (23), സന്തോഷ് (18), പ്രവീൺ (20), തേജസ് (8), ഫാത്തിമ മൗഫിയ (25) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച രണ്ട് മോട്ടോർസൈക്കിളുകളും 7 ഗ്രാം മെത്താഫിറ്റമിനും പൊലീസ് കസ്റ്റഡിയിലെടുത്തു.















