കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പി.പി ദിവ്യ ജയിൽമോചിതയായി. ജാമ്യം കിട്ടിയതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യ പുറത്തെത്തിയത്. ജയിൽമോചിതയായ ശേഷം അവർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
“നവീൻ ബാബുവിന്റെ മരണത്തിൽ വളരെയധികം ദുഃഖമുണ്ട്.
നിങ്ങൾക്കെല്ലാം അറിയാം.. മാദ്ധ്യമപ്രവർത്തകർ ആയാലും നമ്മുടെ നാട്ടുകാരായാലും പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ 14 വർഷം ഒരു ജനപ്രിതിനിധി എന്ന നിലയിൽ, ഒരുപാട് ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാഷ്‌ട്രീയപാർട്ടിയിലുള്ള ജനപ്രതിനിധികളുമായും സഹകരിച്ച് പോകുന്ന ഒരാളാണ് ഞാൻ.
പക്ഷെ ദൗർഭാഗ്യവശാൽ, ഞാനിപ്പോഴും പറയുന്നു.. സദുദ്ദേശ്യപരമായി മാത്രമേ ഏത് ഉദ്യോഗസ്ഥനോടും സംസാരിക്കാറുള്ളൂ.. ഞാനിപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു.. എന്റെ ഭാഗം കോടതിയിൽ ഞാൻ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം കോടതിയിൽ എനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- പിപി ദിവ്യ പറഞ്ഞുനിർത്തി.
സിപിഎം നേതാവ് പിപി ദിവ്യക്ക് ജാമ്യം ലഭിച്ച വാർത്തയെ മുൻ മന്ത്രി പികെ ശ്രീമതി അടക്കമുള്ള പാർട്ടി നേതാക്കൾ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം നിലകൊള്ളുന്നതെന്ന് പറയുമ്പോഴും ദിവ്യക്ക് നൽകുന്ന പിന്തുണ മറച്ചുപിടിക്കാൻ പോലും സിപിഎം തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ദിവ്യക്ക് ജാമ്യം ലഭിച്ച വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പ്രതികരണം.