ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെ ഉസൂർ-ബസഗുഡ-പാമേദ് ഗ്രാമങ്ങളിലെ ട്രൈജംഗ്ഷന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാസേനകൾ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പ്രതികരിച്ചു.
ജില്ലാ റിസർവ് ഗാർഡ് (DRG), കോബ്ര യൂണിറ്റ്, ഛത്തീസ്ഗഡ് പൊലീസ് എന്നീ സേനകളാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഏറ്റുമുട്ടൽ അവസാനിച്ചപ്പോൾ രണ്ട് നക്സലുകളുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തതായും ഇവരുടെ കൈവശം സെൽഫ് ലോഡിംഗ് റൈഫിൾ, ബാരെൽ ഗ്രനേഡ് ലോഞ്ചർ ഷെൽസ്, പ്രാദേശികമായി നിർമിച്ച മറ്റ് ആയുധങ്ങൾ എന്നിവ ഉണ്ടായിരുന്നതായും ഐജി അറിയിച്ചു. വനമേഖലയിൽ നക്സലുകൾക്കായി പരിശോധന തുടരുകയാണ്.
ഛത്തീസ്ഗഡിൽ ഇക്കൊല്ലം നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 191 നക്സലുകളാണ് വധിക്കപ്പെട്ടത്. ബിജാപൂർ അടക്കമുള്ള ഏഴ് ജില്ലകളിലാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. ഒക്ടോബർ നാലിന് നാരായൺപൂർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ നടന്ന പ്രത്യേക ഓപ്പറേഷനിൽ 31 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.















