മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ഇന്ന് മുനമ്പത്താണ് വഖ്ഫ് അധിനിവേശമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകുമെന്നും മുനമ്പത്ത് അനുവദിച്ച് കൊടുത്താൽ, മുനമ്പത്തെ ജനങ്ങൾ പരാജയപ്പെട്ടാൽ അത് കേരളജനതയുടെ മുഴുവൻ പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിഷയത്തിൽ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിറന്ന നാൾ മുതൽ ഇവിടെ ജീവിച്ച്, ഈ മണ്ണിൽ പണിയെടുത്ത്, ഈ മണ്ണിന്റെ സംരക്ഷകരായി ഇവിടെ കഴിയുകയും ചെയ്യുന്ന മുനമ്പത്തുകാരെ ഇവിടെ നിന്ന് ആട്ടിയോടിക്കണമെന്ന് പറയുന്നത് അധിനിവേശ ശക്തികളാണ്. അതിനാൽ ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇതൊരു ധർമ യുദ്ധമാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിരന്തര പോരാട്ടമാണ്. നിരാഹാര സമര പന്തലിലെത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു.
കേരളത്തിൽ പലയിടത്തും ഇതേ അനുഭവമുള്ള ആളുകളുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ മുക്കത്ത് കഴിഞ്ഞ 25 വർഷത്തോളമായി വഖ്ഫ് ബോർഡുമായി നിയമയുദ്ധം നടത്തുന്ന രണ്ടേക്കറുള്ള ബാലകൃഷ്ണൻ എന്നയാളെ കണ്ടു. 45 വർഷത്തിന് മുൻപ് വാങ്ങിയ ഭൂമിയിലാണ് അവകാശവാദം ഉന്നയിക്കുന്നത്. പല സ്ഥലത്ത് ചെല്ലുമ്പോഴും ഇതുതന്നെയാണ് കേൾക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ശബ്ദം കേരളത്തിലെ പലയിടങ്ങളിൽ നിന്ന് മുഴങ്ങുകയാണ്. ജീവിതത്തിന്റെ പ്രശ്നമാണിത്. അതുകൊണ്ട് തന്നെ താത്കാലിക പരിഹാരമല്ല വേണ്ടത്. ശാശ്വത പരിഹാരമാണ് വേണ്ടത്. അധിനിവേശത്തെ ചെറുത്ത് അതിജീവനത്തിന്റെ പാതയിൽ നിന്ന് വിജയം വരിച്ചാൽ അത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
സ്വന്തം മണ്ണിൽ കഴിയാനുള്ള സ്വാതന്ത്ര്യവും അവകാശവും ജനങ്ങൾക്കുണ്ട്. ജനങ്ങളെ വഴിയാധാരമാക്കാൻ വഖ്ഫ് ബോർഡ് ശ്രമിച്ചാൽ അത് മനുഷ്യാവകാശ ധ്വംസനമാണ്. മുസ്ലീം രാഷ്ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല. അവർ പോലും അവലംബിക്കാത്ത ഒരു നിയമം എന്തിന് ഇവിടെ അടിച്ചേൽപ്പിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
വളരെ നിസാരമായി, പ്രാദേശിക പ്രശ്നമെന്ന നിലയ്‌ക്ക് കണക്കാക്കുന്നവരുണ്ട്. ഇവിടുത്തെ ഏതാനും വീടുകൾ പോകുമെന്ന രീതിക്ക് ഇതിനെ ചെറുതാക്കി കാണാൻ ചിലർ ശ്രമിക്കുന്നുണ്ട്. പൗര സ്വാതന്ത്ര്യവും മനുഷ്യാവകാശവുമാണ് മുനമ്പത്തുകാർ ഉയർത്തിപിടിക്കുന്നത്. എല്ലാവിധ ധാർമിക പിന്തുണയും സഹായവും അർഹിക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.