ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഏവരുടെയും ശ്രദ്ധയാകർഷിച്ച ഇന്ത്യൻ വംശജയാണ് അഭിഭാഷകയായ ഉഷ ചിലുകുരി വാൻസ്. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഭാര്യ. അതായത് അമേരിക്കയുടെ സെക്കൻഡ് ലേഡി സ്ഥാനം അലങ്കരിക്കാൻ പോകുന്നവൾ.
കാലിഫോർണിയയിൽ ജനിച്ചുവളർന്നവളാണ് ഉഷ. ആന്ധ്രയിൽ നിന്ന് കുടിയേറിയവരാണ് അവളുടെ മാതാപിതാക്കൾ. കഠിനാധ്വാനികളായ അവർ അതിവേഗം അമേരിക്കൻ ജീവിതശൈലികളിലേക്ക് മാറിയെങ്കിലും ഭാരതീയ പാരമ്പര്യവും ഹിന്ദുമത വിശ്വാസങ്ങളും മുറുകെ പിടിച്ചവരായിരുന്നു. അതുകൊണ്ട് തന്നെ സാൻ ഫ്രാൻസിസ്കോയിലെ പേരുകേട്ട അഭിഭാഷകയായപ്പോഴും ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉഷ കൈവിട്ടില്ല.
“എന്റെ മാതാപിതാക്കൾ ഹിന്ദുമതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. അവർ ഇത്രയും നല്ല മാതാപിതാക്കളായത് പോലും അതുകൊണ്ടാണ്. കൂടാതെ അവരെ ഇത്രയും മികച്ച വ്യക്തികളാക്കി മാറ്റിയതും ഹിന്ദുമതമാണ്.”- ഒരിക്കൽ ഉഷ പറഞ്ഞ വാക്കുകളാണിത്.
ഉഷയുടെ പൂർവികർ ഭാരതീയരാണെന്നതിന് പുറമേ അവളുടെ പിൻതലമുറയ്‌ക്ക് രാഷ്‌ട്രീയ സ്വയംസേവക സംഘവുമായും ബന്ധമുണ്ടായിരുന്നു. പണ്ഡിതനായ രാമശാസ്ത്രിയുടെ കൊച്ചുമകളാണ് ഉഷ. അദ്ദേഹത്തിന്റെ അനുജൻ സുബ്രഹ്മണ്യ ശാസ്ത്രി RSS പ്രവർത്തകനായിരുന്നു. ആന്ധ്രയിൽ ആർഎസ്എസിന്റെ കാര്യകർത്താവായിരുന്നു അദ്ദേഹം. സുബ്രമണ്യ ശാസ്ത്രിയുടെ ജ്യേഷ്ഠൻ രാമശാസ്ത്രിയുടെ മകനാണ് ഉഷയുടെ പിതാവ് രാധാകൃഷ്ണൻ. രാധാകൃഷ്ണനും ഭാര്യ ലക്ഷ്മിയും 1980ലായിരുന്നു യുഎസിലെ സാൻഡിയാഗോയിലേക്ക് കുടിയേറിയത്.
സുബ്രമണ്യ ശാസ്ത്രിയും ഉഷയുടെ പിതാവും തമ്മിലുള്ള രക്തബന്ധത്തെക്കുറിച്ച് പരിചയപ്പെടുത്തിയത് സുബ്രഹ്മണ്യ ശാസ്ത്രിയുടെ ഭാര്യ ഡോ. ശാന്തമ്മയാണ്. വിജയനഗരത്തെ സെഞ്ചുറിയൻ സർവകലാശാലയിൽ ഫിസിക്സ് വിസിറ്റിംഗ് പ്രൊഫസറാണ് അവർ. ഇന്ന് 96 വയസുണ്ട് അവർക്ക്. ഈ പ്രായത്തിലും ശാന്തമ്മ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് പാഠങ്ങൾ പകർന്നു നൽകുന്നുവെന്നതാണ് പ്രത്യേകത.
രാമശാസ്ത്രിയും സുബ്രഹ്മണ്യ ശാസ്ത്രിയും യൂണിവേഴ്സിറ്റി പ്രൊഫസർമാരായിരുന്നു. ആർഎസ്എസ് പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യ ശാസ്ത്രി അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുമുണ്ടെന്ന് ഡോ. ശാന്തമ്മ പറയുന്നു. ആന്ധ്രക്കാർക്കിടയിൽ സുപരിചിതയാണ് ഡോ. ശാന്തമ്മ. പ്രായത്തെ മറികടന്നുള്ള അവരുടെ അദ്ധ്യാപനം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പരോപകാരിയായ ശാന്തമ്മ.വിശാഖപ്പട്ടണത്തിലുള്ള തന്റെ വീട് വിവേകാനന്ദ മെഡിക്കൽ ട്രസ്റ്റിന് കൈമാറിയതും അവരുടെ ഉള്ളിലെ മനുഷ്യസ്നേഹം കാരണമായിരുന്നു.