തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ പത്മനാഭസ്വാമിക്ഷേത്രത്തിലെ അൽപ്പശ്ശി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തുലാമാസത്തിലെ അത്തം നക്ഷത്രത്തിൽ ആരംഭിച്ച് ഇന്ന് തിരുവോണനാളിൽ ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. ശംഖുമുഖം കടവിൽ വൈകിട്ട് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാവുക. വൈകിട്ട് നാലരയോടെ ആറാട്ട് ഘോഷയാത്ര ആരംഭിക്കും.
കഴിഞ്ഞ മാസം 31 ന് കൊടിയേറിയ അൽപ്പശി ഉത്സവത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്. 10 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ ആറാട്ടോടെ സമാപിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയേയും നരസിംഹമൂർത്തിയേയും ശ്രീകൃഷ്ണസ്വാമിയേയും പുറത്തെഴുന്നള്ളിക്കുന്നതോടെ ഘോഷയാത്രക്ക് തുടക്കമാകും.
തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും പടഞ്ഞാറേനടയിൽ എത്തി ഘോഷയാത്ര വള്ളക്കടവ് വഴി വിമാനത്താവളത്തിലൂടെ ശംഖുമുഖം ആറാട്ട് കടവിലെത്തി ആറാട്ട് നടക്കും.
തിരുവിതാംകൂറിന്റെ ആചാരപ്പെരുമ വിളിച്ചോതുന്ന ഘോഷയാത്രക്ക് ആനയും, അശ്വാരൂഢസേനയും, പൊലീസിന്റെയും മിലിട്ടറിയുടെയും വാദ്യമേളങ്ങളും അകമ്പടിയാകും. സായുധ സേനകൾക്ക് പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്‌ക്ക് ചാരുത നൽകും. 9 മണിയോടെ ആറാട്ട്‌ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തുന്നതോടെ ഈവർഷത്തെ അൽപ്പശി ഉത്സവത്തിന് സമാപനമാകും. ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം ഭാഗീകമായി അടച്ചിടും.















