തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ സർക്കാരിന് ക്രൈസ്തവ സഭകളുടെ അന്ത്യശാസനം. ഈ മാസം 28 ലേക്ക് മാറ്റിയ ഉന്നതതല യോഗത്തിലും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. വഖ്ഫ് വിഷയത്തിൽ സമവായമെന്ന നിലപാട് ആവർത്തിക്കുന്ന സർക്കാർ ഇതുസംബന്ധിച്ച ചർച്ചകൾ നീട്ടിക്കൊണ്ടു പോകുന്നതിൽ മുനമ്പത്തെ തീരദേശവാസികളും, സമര രംഗത്തുള്ള വിവിധ ക്രൈസ്തവ സഭകളും കടുത്ത അതൃപ്തിയിലാണ്.
അടിയന്തരമായി ചർച്ച ചെയ്യേണ്ട വിഷയം നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ ജനകീയ പ്രശ്നത്തോടുള്ള സർക്കാരിന്റെ അവഗണനയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ മാസം അവസാനത്തിലേക്ക് മാറ്റിയ ഉന്നതതല യോഗത്തിലും അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ സമരഗതി മാറുമെന്ന മുന്നറിയിപ്പും സഭാനേതൃത്വങ്ങൾ നൽകുന്നു. പ്രീണനം മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് നീതി ഉണ്ടാകുമോയെന്ന ആശങ്ക ജനങ്ങളും പങ്കുവയ്‌ക്കുന്നുണ്ട്.
ഈ മാസം 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരാൻ നിശ്ചയിച്ച യോഗമാണ് 28 ലേക്ക് മാറ്റിയത്. സമരം ശക്തി പ്രാപിക്കുമ്പോൾ ഈയാഴ്ച തന്നെ യോഗം ചേർന്നേക്കുമെന്ന വിവരങ്ങൾ പുറത്തു വന്നെങ്കിലും മുനമ്പത്തെ വഖ്ഫ് അധിനിവേശ വിരുദ്ധ സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ ചർച്ചയുടെ തീയതിയും നീട്ടിക്കൊണ്ടുപോവുകയായിരുന്നു. റവന്യൂ, നിയമം, തദ്ദേശം, വഖ്ഫ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സമരത്തിന് പിന്തുണയുമായി കോട്ടപ്പുറം രൂപതയിലെ വൈദികരും, സന്യസ്തരും, അൽമായരും പ്രകടനമായെത്തി.