പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ആരോപിച്ചു. അന്വേഷണ സംഘം തങ്ങളുടെ മൊഴി രേഖപ്പെടുത്താൻ എത്തിയില്ലെന്നും ഇത് കോടതിയെ അറിയിച്ചിരുന്നുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
കോടതിയുടെ മേൽനോട്ടത്തിലുള്ള എസ്‌ഐടി അന്വഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണമുണ്ടായില്ല. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്നല്ലാതെ പ്രശാന്തനിലേക്കോ പെട്രോൾ പമ്പ് ഇടപാടിലേക്കോ അന്വേഷണ സംഘം കടന്നില്ലെന്നും കുടുംബത്തിന് ആരോപണമുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് താത്പര്യം പ്രകടിപ്പിക്കുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യം കൂടി അറിയിക്കാനാണ് ഹൈക്കോടതിയിലേക്ക് നീങ്ങുന്നതെന്നും കുടുംബം പറഞ്ഞു.
സ്ത്രീയെന്ന പരിഗണനയിലാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. കണ്ണൂർ വിട്ടുപോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.















